Friday, June 17, 2016

What is life ?

അമ്മയുടെ  ഉദരത്തിൽ ഗര്ഭം ധരിക്കുന്ന നിമിഷം മുതൽ മരണംവരെയുള്ള മനുഷ്യജീവിതം നന്നായി പ്രതിപാതിചിരിക്കുന്നൂ  ഒരു ചെ റിയ ലേഖനത്തിലൂടെ എഴുതുകാരൻ..
------------
വല്ലാതെ ചിന്തിപ്പിക്കുന്ന ഒരു മെസ്സേജ്...

ഗർഭപാത്രത്തിന്റെ സുഖശീതളിമയിൽ ചുരുണ്ട് കൂടി അവൻ കിടന്നു. വയറിൽ ഫിറ്റ് ചെയ്ത റ്റ്യൂബിലൂടെ ഭക്ഷണവും വെള്ളവും യഥേഷ്ടം അവന് ലഭിച്ചു കൊണ്ടിരുന്നു.

   ക്രമേണ അവൻ കേൾക്കാൻ തുടങ്ങി. താൻ കിടക്കുന്ന കൂടിനകത്ത് കിടന്ന് പുറത്തുള്ള ശബ്ദങ്ങൾക്ക് അവൻ കാതോർത്തു. പിന്നെ പിന്നെ അവൻ ആ സത്യം മനസ്സിലാക്കി. താൻ കിടക്കുന്ന ഈ കൂടിന് പുറത്ത് ഒരു ലോകമുണ്ട്. പുറത്ത് നിന്നുള്ള ശബ്ദങ്ങൾ അവനെ പ്രലോഭിപ്പിച്ച് കൊണ്ടിരുന്നു.
 
  പുറം ലോകം കാണാനുള്ള അതിയായ ആഗ്രഹം കാരണം അവൻ ആ കൂടിന്റെ ഭിത്തിയിൽ ആഞ്ഞ് ചവിട്ടി കൊണ്ടിരുന്നു. അവനെ ചുമക്കുന്ന അമ്മക്ക് അതൊരു വേദനയും സന്തോഷവും സമം ചേർന്ന അനുഭൂതി ആയിരുന്നു.

    ദിവസങ്ങൾ കഴിഞ്ഞപ്പോൾ അവന്റെ പരാക്രമങ്ങൾക്ക് ഫലമുണ്ടായി. അവൻ ഭൂമിയിൽ അവതരിച്ചു.
   
    കണ്ണ് തുറന്നപ്പോൾ ചുറ്റിലും കു‌ടിയിരിക്കുന്ന ആൾകൂട്ടം കണ്ട് അവൻ ഭയന്ന് വാവിട്ട് കരഞ്ഞു.

      ആരോ കാതിൽ മുഴക്കിയ മധുര സംഗീതത്തിൽ ലയിച്ച് അവൻ ശാന്തനായി...

     പതിയേ അവൻ വളരാൻ തുടങ്ങി.
അവൻ പലതും പഠിച്ചു..

   അവന് ഗുരുക്കന്മാർ പലതായിരുന്നു.
അമ്മ, ചുറ്റിലുമുള്ള മനുഷ്യർ,  ഭൂമിയിലെ മറ്റ് ജീവജാലങ്ങൾ,  പ്രകൃതി..

    അമ്മ അവനെ പലതും പഠിപ്പിച്ചു.  കമിഴ്ന്ന് കിടക്കാൻ,  മുട്ടിലിഴയാൻ, പിടിച്ച്നിൽക്കാൻ,  പിന്നെ നടക്കാൻ... അങ്ങിനെ പലതും...

   ചുറ്റിലുമുള്ള മനുഷ്യരിൽ നിന്നും അവൻ ഒരു പാട് പഠിച്ചു.

  ജീവജാലങ്ങളെ അവൻ സൂക്ഷ്മമായി നിരീക്ഷിച്ചു. തങ്ങളേക്കാൾ നൂറിരട്ടി ഭാരമുള്ള ജീവികളേയും വലിച്ച് കൊണ്ട് പോകുന്ന ഉറുമ്പുകൾ ഐക്യം എന്തെന്ന് അവനെ പഠിപ്പിച്ചു. അവർ സ്വരുക്കൂട്ടി വക്കുന്ന ധാന്യമണികൾ സമ്പാദ്യശീലത്തെ പറ്റിയുള്ള പാഠമായിരുന്നു.

   മൂന്നും നാലും കാക്കകളോട് പോരടിച്ച് തന്റെ കുഞ്ഞുങ്ങളെ സംരക്ഷിക്കുന്ന കോഴിയും അവനൊരു  പാഠമായിരുന്നു.

   പ്രക്രതി കാറ്റും, മഴയും,  ചൂടും തണുപ്പുമെല്ലാം അവനെ പഠിപ്പിച്ചു...

   ശുദ്ധമായ മുലപ്പാൽ മാത്രം കുടിച്ചിരുന്ന അവൻ മായം കലർന്ന ഭക്ഷണങ്ങൾ കഴിക്കാൻ തുടങ്ങി. ശുദ്ധമായ അവന്റെ ശരീരത്തിലും മനസ്സിലും ചിന്തകളിലും മായം കലരാൻ തുടങ്ങി. കൈകാലുകൾ വളരുന്നതോടൊപ്പം അവന്റെ അഹങ്കാരവും വളർന്നു.

    ശരീര വളർച്ചക്കൊപ്പം പ്രണയം, കാമം തുടങ്ങിയ വികാരങ്ങളും അവനിൽ വന്ന് ചേർന്നു.

     ബാലനായും വിദ്ധ്യാർത്ഥിയായും ജീവിത വേഷങ്ങൾ കെട്ടിയാടിയ അവനൊരു യുവാവായി. അപ്പോഴേക്കും പണമെന്ന കടലാസു കഷ്ണമാണ് ഈ ലോകത്ത് കാര്യങ്ങൾ തീരുമാനിക്കുന്നതെന്ന വലിയ വിഡ്ഢിത്തം അവൻ ധരിച്ചുവെച്ചു.  കുട്ടി കാലത്ത് അമ്മയും പ്രക്രതിയും പഠിപ്പിച്ച നന്മയുടെ പാഠങ്ങൾ അവൻ മറന്നു. കാലക്രമത്തിൽ അവൻ വിവാഹിതനായി,  പിതാവായി.

    പണക്കാരനായി മാറിയ അവന് തന്റെ പുതിയ ബന്ധങ്ങൾക്കൊപ്പം എത്താത്ത മാതാപിതാക്കൾ അരോചകമായി തോന്നി. ആ അവസ്ഥക്ക് അവൻ സ്വയം സ്റ്റാറ്റസ് എന്ന് പേരിട്ടു.
   
      കുട്ടികാലത്ത് പ്രക്രതിയെ സ്നേഹിച്ച അവൻ മലകൾ ഇടിച്ചും ജലാശയങ്ങൾ മണ്ണിട്ട്‌ നികത്തിയും രമ്യഹർമങ്ങളും,  ഷോപ്പിംഗ്‌ മാളുകളും പണിതു.വിശപ്പിന്റെ വിളിയുമായി മുന്നിൽ വന്ന് നിന്നവരെ ആട്ടി പായിച്ചു. അന്യന്റെ ഭൂമി വെട്ടിപിടിച്ചു.
  
    കാലം കടന്ന് പോകെ. ഒരുനാൾ കൊട്ടാരത്തിലെ വിലപിടിപ്പുള്ള ബൽജിയം കണ്ണാടിയിൽ സ്വന്തം മുഖം നോക്കവേ അവൻ കണ്ടു. തലയിൽ അങ്ങിങ്ങായി നരച്ച തലമുടികൾ, ചുളിവ് വീണ് തുടങ്ങിയ തന്റെ മുഖം.

    ഒരു ദിവസം പ്രഭാത സവാരിക്കിടെ കൈകാലുകൾ തളരുന്നതായും തല ചുറ്റുന്നതായും അവന് തോന്നി. കുഴഞ്ഞ്‌ വീണ അവനെ ആരൊക്കയോ ചേർന്ന് ആശുപത്രിയിൽ എത്തിച്ചു.

     ആഴ്ചകളോളം ശരീരം തളർന്ന്‌ അവൻ കിടന്നു.  ചുറ്റിലും നടക്കുന്നതെല്ലാം അവൻ അറിയുന്നുണ്ടായിരുന്നു. സ്വത്തിന് വേണ്ടി തമ്മിൽ കലഹിക്കുന്ന മക്കളുടെ ശബ്ദം അവൻ കേൾക്കുന്നുണ്ടായിരുന്നു. തന്റെ മരണം ആഗ്രഹിക്കുന്ന മുഖങ്ങൾ അവൻ കാണുന്നുണ്ടായിരുന്നു.

    ഒടുവിൽ തന്റെ ശരീരത്തിൽ നിറക്കാനുള്ള തണുപ്പുമായി മരണത്തിന്റെ മാലാഖ പറന്നിറങ്ങുന്നത് അവൻ കണ്ടു, രക്ഷക്ക് വേണ്ടി മുന്നിൽ വാവിട്ട്  കരഞ്ഞ് അവൻ യാചിച്ചു. ദിവസവും ലക്ഷങ്ങളുടെ ജീവെനെടുക്കുന്ന മാലാഖക്ക്‌ അവനോട് മാത്രം അലിവ് തോന്നേണ്ട കാര്യമില്ലല്ലോ.

    പൊതിഞ്ഞു കെട്ടിയ അവന്റെ ശരീരവും കൊണ്ട് യാത്രയാകുമ്പോൾ അവൻ അതിൽ നിന്ന് കുതറി പുറത്ത് ചാടാൻ ശ്രമിച്ചിട്ടുണ്ടാവും. മുമ്പ് അവൻ ഗർഭപാത്രത്തിൽ നിന്ന് പുറത്ത് ചാടാൻ ശ്രമിച്ച പോലെ.... അന്നവന് പുതിയ ലോകം കാണാനുള്ള ആവേശം ആയിരുന്നെങ്കിൽ, ഇന്നവന് പുതിയ ലോകത്തെ കുറിച്ചോർത്തുള്ള പരവേശം ആണെന്ന്‌ മാത്രം.

    നിസ്സഹായനായ അവനെ നാല് ചോദ്യങ്ങൾ  നോക്കി പല്ലിളിക്കുന്നുണ്ടാവും. നീ എന്തിന് വന്നു? നീ എന്ത് ചെയ്തു? നീ എവിടേക്ക് പോകുന്നു? നിന്നെയോർത്ത് കരയാൻ ആരെങ്കിലും ഭൂമിയിൽ ബാക്കിയുണ്ടോ?

      നാലാം നാൾ മണ്ണിനടിയിൽ ചീഞ്ഞളിഞ്ഞ അവന്റെ ശരീരം പുഴുക്കൾ തിന്നു തുടങ്ങും.  പൊട്ടിയൊലിച്ച് അവനിൽ നിന്ന് ഊർന്നിറങ്ങുന്ന സത്ത അടുത്തുള്ള തെങ്ങ് വളമായി വലിച്ചെടുക്കും.

    പുഴുക്കൾക്ക് ഭക്ഷണമായതിലൂടെ, ചെടിക്ക് വളമായതിലൂടെ, മുമ്പ് പ്രക്രതിയോട് ചെയ്ത ക്രൂരതക്കുള്ള കടം അവനറിയാതെ തന്നെ അവൻ വീട്ടി.
    
      മരിച്ചവർ ആരും തിരിച്ചു വന്ന് മരണത്തിന്റെ കഥ പറയാത്തിടത്തോളം കാലം മനുഷ്യൻ എന്ന അൽപ്പപ്രാണിയുടെ അഹങ്കാരം ശമിക്കില്ല.

     ഈ മഹാപ്രപഞ്ചത്തിലെ, ഒരു പൊട്ടുപോലെ കിടക്കുന്ന ഭൂമിയിലെ, കോടികണക്കിന് ജീവജാലങ്ങളിൽ ഒന്നായ മനുഷ്യരിലെ 700 കോടി മനുഷ്യരിൽ നിസാരനായ ഒരാൾ മാത്രമാണ് ഞാനെന്ന് ആര് തിരിച്ചറിയുന്നുവോ... അവനാണ് യഥാർത്ത മനുഷ്യൻ...

No comments:

Post a Comment

Fr. Tom Uzhunnalil, interview after release from Yemeni captors ..

Having been brought up in a Salesian school (Don Bosco Irinjalakuda, Kerala), I feel so elated at the release of Fr. Tom Uzhunnalil fr...

My popular posts over the last month ..